പൂനെയിൽ ബസിൽവച്ച് യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
Friday, February 28, 2025 10:04 AM IST
പൂനെ: ബസിൽ ഇരുപത്തിയാറുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ദത്താത്രേയ ഗഡെ (37) അറസ്റ്റിൽ. പുനെയിലെ ഷിരൂരിൽനിന്ന് അർധരാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പുനെയിലും അഹല്യാനഗർ ജില്ലയിലുമായി മോഷണം, കവർച്ച, മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണു ഇയാൾ. ഇതിലെ ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലാണ്. പ്രതിയെ പിടിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പോലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു.
പോലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള പൂണെയിലെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യുവതിക്കെതിരേ അതിക്രമം നടന്നത്. പുലർച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറാണെന്ന് പറഞ്ഞാണു പ്രതിയെത്തിയത്.
സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്നും താൻ അവിടെയെത്തിക്കാമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. വിജനമായ ഭാഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 64 (ബലാത്സംഗം), 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.