വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്റെ പിതാവ് നാട്ടിലെത്തും
Friday, February 28, 2025 4:19 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആർച്ച് ജംക്ഷൻ സൽമാസിൽ അബ്ദുൽ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും.
യാത്രാരേഖകൾ ശരിയായതോടെ അബ്ദുൽ റഹിം ദമാമിൽ നിന്ന് യാത്രതിരിച്ചു. 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹിം നാട്ടിലേക്കു തിരിക്കാനായത്.
ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്.
റഹീം നാട്ടിൽ വന്നിട്ട് ഏഴ് വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ.
ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം.
വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി.
കുടുംബാംഗങ്ങളായ നാലുപേരെയടക്കം അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്.
തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയിൽ ചികിത്സയിലാണ്.