സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന് നിലത്തടിച്ച് വീണു മരിച്ച സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Thursday, February 27, 2025 10:37 PM IST
തൃശൂർ: സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് നിലത്തടിച്ചു വീണ് മരിച്ച കായിക അധ്യാപകന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഞരമ്പ് പൊട്ടാമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്കൂള്‍ അധ്യാപകന് അനില്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
റീജണല്‍ തീയറ്ററിന് സമീപത്തെ ബാറിലെത്തി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തീയറ്ററില്‍ വച്ച് നടക്കുന്ന തീയറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു.
ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന് പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന് വീണത്. തുടര്‍ന്ന് അനിലിനെ തൊട്ടടുത്തുള്ള അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.