മനുഷ്യ - വന്യജീവി സംഘർഷം; 273 പഞ്ചായത്തുകളിൽ കർമ പദ്ധതികൾ നടപ്പിലാക്കും
Thursday, February 27, 2025 10:13 PM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം രൂക്ഷമായ 273 പഞ്ചായത്തുകളിൽ കർമ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യ - വന്യജീവി സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.
വന്യജീവി ആക്രമണം രൂക്ഷമായ 273 പഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്നത്. ഹോട്ട്സ്പോട്ടുകളായി തിരിച്ച് ഇവിടെ പ്രത്യേക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
വന്യജീവി സംഘർഷം കൂടുതലുള്ള സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയാറാക്കണം.
സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയിൽ അതത് മേഖലയിലുള്ള എംപി, എംഎൽഎമാരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വനം വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കണം.
കൺട്രോൾ റൂം വഴി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ, വന്യമൃഗ ആക്രമണം സംബന്ധിച്ച വിവരങ്ങൾ എന്നിവ ജില്ലാ കളക്ടർ, പോലീസ് മേധാവി, ഇതര വകുപ്പുകൾ തുടങ്ങിയവർക്ക് അപ്പപ്പോൾ ലഭ്യമാക്കി തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നിർദേശങ്ങൾ നൽകാനും പുരോഗതി വിലയിരുത്താനും സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ നാലു സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശിക സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണം. മാർച്ച് 15നകം മുഴുവൻ സമിതികളും രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.
വന്യജീവി ആക്രമണം നേരിടാൻ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ വെച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണം. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്ക്കരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.