താൻ പറഞ്ഞ കാര്യങ്ങളാണ് തരൂരും പറയുന്നത്; ബിജെപിയിലേക്ക് സ്വാഗതംചെയ്ത് പത്മജ
Thursday, February 27, 2025 8:29 PM IST
കൊച്ചി: ശശി തരൂരിനോട് അയിത്തമുളളത് പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നതെന്ന് പത്മജ വേണുഗോപാൽ. തരൂരിനെ അകറ്റിനിർത്തുന്ന രീതി താൻ കണ്ടിട്ടുണ്ടെന്നും പത്മജ പറഞ്ഞു.
ശശി തരൂരിനെ പത്മജ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയുംചെയ്തു. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്ന് അവർ കുറ്റപ്പെടുത്തി.
ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾ മോഹിച്ചിട്ടില്ല. മനസമാധാനമായി ജീവിക്കാനാണ് കോൺഗ്രസ് വിട്ടത്. പല ദിവസങ്ങളിലും ഞാൻ കരഞ്ഞിട്ടുണ്ട്.
ആ രീതിയിൽ എന്നെ അപമാനിച്ചു. ശശി തരൂർ ഛർദ്ദിച്ചത് ഒന്നും തിരിച്ച് എടുക്കാൻ പറ്റില്ലല്ലോ. തരൂർ നല്ലവണ്ണം പറഞ്ഞു. അതിന് കോൺഗ്രസുകാർ മറുപടി പറഞ്ഞു. പിന്നീട് മുകളിൽ നിന്ന് കണ്ണുരുട്ടിയപ്പോൾ എല്ലാവരും വാലും ചുരുട്ടി പിന്നോട്ട് പോയെന്നും പത്മജ പറഞ്ഞു.