അറുന്നൂറിലധികം പലസ്തീൻ തടവുകാരെ ഇന്ന് മോചിപ്പിക്കും; പകരം നാലു മൃതദേഹങ്ങൾ കൈമാറാൻ ഹമാസ്
Thursday, February 27, 2025 8:38 AM IST
കയ്റോ: കഴിഞ്ഞ ശനിയാഴ്ച മോചിപ്പിക്കേണ്ടിയിരുന്ന അറുന്നൂറിലധികം പലസ്തീൻ തടവുകാരെ ഇന്നു വിട്ടയയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചതായി റിപ്പോർട്ട്. ഇതിനു പകരമായി ഹമാസ് നാല് ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറും. ഇസ്രയേലും ഹമാസും, മധ്യസ്ഥ ചർച്ചകൾ നടത്തിയ ഈജിപ്തും ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഹമാസ് ആറു ബന്ദികളെ വിട്ടയച്ചതിനു പകരമായി ഇസ്രേലി ജയിലുകളിലുള്ള 602 പലസ്തീൻ തടവുകാർ മോചിതരാകേണ്ടതായിരുന്നു. എന്നാൽ, ബന്ദികളെ പലസ്തീൻ ജനതയ്ക്കു മുന്നിൽ പ്രദർശിപ്പിച്ചു നാണംകെടുത്തുന്ന ചടങ്ങ് അവസാനിപ്പിക്കാതെ പലസ്തീൻ തടവുകാരെ മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ നിലപാടെടുത്തു.
ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേയുണ്ടായ തർക്കം പരിഹരിക്കാൻ മധ്യസ്ഥർ നടത്തിയ ഊർജിത ചർച്ചകൾ ബുധനാഴ്ച വിജയം കാണുകയായിരുന്നു. ഇന്ന് ഈജിപ്തിന്റെ മേൽനോട്ടത്തിലായിരിക്കും ഹമാസ് ഭീകരർ നാല് ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുകയെന്നാണു സൂചന.
ഇതേസമയത്തുതന്നെ ഇസ്രേലി ജയിലുകളിൽനിന്നു പലസ്തീൻ തടവുകാരെയും മോചിപ്പിക്കും. ഇതോടെ വെടിനിർത്തൽ ധാരണയുടെ ഒന്നാംഘട്ടത്തിൽ ഇരുപക്ഷവും പൂർത്തീകരിക്കേണ്ട നിബന്ധനകൾ പൂർണമാകും. വരുന്ന ഞായറാഴ്ചയാണ് ഒന്നാംഘട്ട വെടിനിർത്തൽ അവസാനിക്കുന്നത്.
മൂന്നു ഘട്ടമായിട്ടാണു വെടിനിർത്തൽ വിഭാവനം ചെയ്തിരിക്കുന്നത്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നത് രണ്ടാംഘട്ടത്തിലാണ്.