ഗംഗാ നദിയിൽ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു; മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Thursday, February 27, 2025 7:55 AM IST
പാറ്റ്ന: ബിഹാറിൽ ഗംഗാ നദിയിൽ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷന് കീഴിലുള്ള കളക്ടറേറ്റ് ഘട്ടിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് (എസ്ഡിആർഎഫ്) മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
വിശാൽ കുമാർ, സച്ചിൻ കുമാർ, അഭിഷേക് കുമാർ, രാജീവ് കുമാർ, ഗോലു കുമാർ, ആശിഷ് കുമാർ എന്നിവർ ഗംഗാ നദിയുടെ കരയിൽ വോളിബോൾ കളിക്കുകയായിരുന്നു. സമീപത്ത് കുളിച്ചുകൊണ്ടിരുന്ന റെഹാനും ഗോവിന്ദയും ഉൾപ്പെടെ മൂന്ന് പേർ കൂടി ഇവർക്കൊപ്പം കളിയിൽ പങ്കുചേർന്നു.
ഇതിനിടെ ഗംഗാ നദിയിൽ കുളിക്കാൻ പോയ വിശാൽ നദിയിൽ മുങ്ങിപ്പോയി. വിശാലിനെ രക്ഷിക്കാനായി നദിയിലേക്ക് എടുത്ത് ചാടിയ ആറു പേരും ഒഴുക്കിൽപ്പെട്ടു. സംഭവം കണ്ടുകൊണ്ടിരുന്ന ഒരു ബോട്ടിലുണ്ടായിരുന്നയാൾ മുളങ്കമ്പ് എറിഞ്ഞു നൽകി ആശിഷിനെയും സച്ചിനെയും രക്ഷിച്ചു.
മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനുശേഷമാണ് എസ്ഡിആർഎഫ് സംഘം രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർന്ന് ബുധനാഴ്ച വൈകുന്നേരം ഗോവിന്ദയുടെ മൃതദേഹവും കണ്ടെത്തി. ബാക്കിയുള്ള രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.