ആവേശ പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ; സെമി കാണാതെ പുറത്തായി ഇംഗ്ലണ്ട്
Wednesday, February 26, 2025 10:46 PM IST
ലാഹോർ: ചാന്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. എട്ട് റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. ഇതോടെ സെമി കാണാതെ ഇംഗ്ലണ്ട് പുറത്തായി.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 326 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 317 റൺസിൽ ഓൾ ഔട്ടായി. 120 റൺസെടുത്ത് ജോ റൂട്ട് തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബെൻ ഡക്കറ്റും ജോസ് ബട്ട്ലറും 38 റൺസ് എടുത്തു. ജാമി ഓവർട്ടൺ 32 റൺസെടുത്ത് വിജയത്തിലേയ്ക്ക് ടീമിനെ എത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റ് എടുത്ത അസമത്തുള്ള ഒമർസായിയാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് നബി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഫസൽഹഖ് ഫറൂഖിയും റാഷിദ് ഖാനും ഗുൽബാദിൻ നായ്ബും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 325 റൺസെടുത്തത്.177 റൺസെടുത്ത ഓപ്പണർ ഇബ്രാഹിം സദ്രാന്റെ മികവിലാണ് അഫ്ഗാനിസ്ഥാൻ വന്പൻ സ്കോർ എടുത്തത്. 146 പന്തിൽ 12 ബൗണ്ടറികളും ആറ് സിക്സറും ഉൾപ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്.
നായകൻ ഹസമത്തുള്ള ഷാഹിഡിയും അസമത്തുള്ള ഒമർസായിയും മുഹമ്മദ് നബിയും മികച്ച പ്രകടനമാണ് നടത്തിയത്. ഒമർസായ് 41 റൺസും ഷാഹിഡിയും നബിയും 40 റൺസ് വീതവുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ലിഗിംഗ്സ്റ്റൺ രണ്ടും ജാമി ഓവർട്ടണും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവുമെടുത്തു.
വിജയത്തോടെ അഫ്ഗാനിസ്ഥാൻ സെമി സാധ്യത സജീവമാക്കി. എന്നാൽ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്ന ഇംഗ്ലണ്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി.