രഞ്ജി ട്രോഫി ഫൈനൽ: കേരളത്തിനെതിരെ വിദർഭ മികച്ച നിലയിൽ
Wednesday, February 26, 2025 5:43 PM IST
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ മികച്ച നിലയിൽ. ഒന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ് വിദർഭ.
138 റൺസുമായി ഡാനിഷ് മലേവാറും അഞ്ച് റൺസുമായി യഷ് താക്കൂറുമാണ് ക്രീസിൽ. പാർഥ് രേഖഡെ (പൂജ്യം), ദർശൻ നല്‍കണ്ടെ (ഒന്ന്), ധ്രുവ് ഷോറെ (16), കരുൺ നായർ (86) എന്നിവരുടെ വിക്കറ്റുകളാണ് വിദർഭയ്ക്കു നഷ്ടമായത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദർഭയ്ക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ നഷ്ടമായി. പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്.
പിന്നീട് സ്കോര്‍ 11 റൺസിലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്ശന് നല്‍കണ്ടെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നാലെ മൂന്നു ബൗണ്ടറികളുമായി നിലയുറപ്പിച്ച ധ്രുവ് ഷോറെയെ എദൻ ആപ്പിൾ ടോം മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ വിദർഭ മൂന്നിന് 24 റൺസെന്ന നിലയിലേക്ക് വീണു.
പിന്നീട് ക്രീസിൽ ഒന്നിച്ച മലേവാറും കരുൺ നായരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ കുറിച്ച 215 റൺസിന്റെ കൂട്ടുകെട്ടാണ് മികച്ച സ്കോറിലേയ്ക്ക് വിദർഭയെ എത്തിച്ചത്.
ടീം സ്കോർ 239ൽ നിൽക്കെയാണ് കരുൺ നായർ പുറത്തായത്. 86 റൺസെടുത്ത കരുൺ നായർ റണൗട്ടാകുകയായിരുന്നു.
259 പന്തിൽ 14 ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടുന്നതാണ് മലേവാറിന്റെ ഇന്നിംഗ്സ്. അതേസമയം, 188 പന്തിൽ എട്ട് ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടുന്നതായിരുന്നു കരുൺ നായരുടെ ഇന്നിംഗ്സ്.
കേരളത്തിനു വേണ്ടി എം.ഡി. നിധീഷ് 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഏദന്‍ ആപ്പിള്‍ ടോം 66 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഷോൺ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, സെമിയില്‍ മുംബൈയെ വീഴ്ത്തിയ ടീമിനെ നിലനിർത്തിയാണ് വിദര്‍ഭ കിരീടപ്പോരാട്ടത്തിന് ഇറങ്ങിയത്.