സെഞ്ചുറിയോടെ മലേവാർ, അർധസെഞ്ചുറിയോടെ കരുൺ നായർ; വിദർഭ മികച്ച സ്കോറിലേക്ക്
Wednesday, February 26, 2025 3:50 PM IST
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം വിദർഭ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിനം മൂന്നാം സെഷനിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ് വിദർഭ.
120 റൺസുമായി ഡാനിഷ് മലേവാറും 64 റൺസുമായി കരുൺ നായരുമാണ് ക്രീസിൽ. പാർഥ് രേഖഡെ (പൂജ്യം), ദർശൻ നല്‍കണ്ടെ (ഒന്ന്), ധ്രുവ് ഷോറെ (16) എന്നിവരുടെ വിക്കറ്റുകളാണ് വിദർഭയ്ക്കു നഷ്ടമായത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദർഭയ്ക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ നഷ്ടമായി. പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്.
പിന്നീട് സ്കോര്‍ 11 റൺസിലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്ശന് നല്‍കണ്ടെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നാലെ മൂന്നു ബൗണ്ടറികളുമായി നിലയുറപ്പിച്ച ധ്രുവ് ഷോറെയെ എദൻ ആപ്പിൾ ടോം മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ വിദർഭ മൂന്നിന് 24 റൺസെന്ന നിലയിലേക്ക് വീണു.
പിന്നീട് ക്രീസിൽ ഒന്നിച്ച മലേവാറും കരുൺ നായരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ കുറിച്ച 182 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് സ്കോർ 200 കടത്തിയത്.
208 പന്തിൽ 12 ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടുന്നതാണ് മലേവാറിന്റെ ഇന്നിംഗ്സ്. അതേസമയം, 145 പന്തിൽ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടുന്നതാണ് കരുൺ നായരുടെ അർധസെഞ്ചുറി.
കേരളത്തിനു വേണ്ടി എം.ഡി. നിധീഷ് 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഏദന്‍ ആപ്പിള്‍ ടോം 63 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഷോൺ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, സെമിയില്‍ മുംബൈയെ വീഴ്ത്തിയ ടീമിനെ നിലനിർത്തിയാണ് വിദര്‍ഭ കിരീടപ്പോരാട്ടത്തിന് ഇറങ്ങിയത്.