മഹാകുംഭമേള ഇന്ന് സമാപിക്കും; 64 കോടിയോളം പേര് മേളയ്ക്ക് എത്തിയെന്ന് കണക്കുകള്‍
Wednesday, February 26, 2025 12:16 PM IST
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് സമാപനമാകുക.
64 കോടിയോളം പേര് ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകള്‍. ഇന്ന് രണ്ട് കോടി തീര്‍ഥാടകരെയാണ് സ്നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ തന്നെ അമൃത സ്നാനം ആരംഭിച്ചു. അമൃത സ്നാനം ചെയ്യാനായി തിങ്കളാഴ്ച മുതല്‍ ജനങ്ങള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13ലെ പൗഷ് പൗര്‍ണിമ സ്നാനത്തോടെയാണ് തുടക്കമായത്.