നിലമ്പുരിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ജഡത്തിന് രണ്ടുമാസത്തിലേറെ പഴക്കം, കൊമ്പുകള്‍ കാണാനില്ല
Wednesday, February 26, 2025 12:13 PM IST
നിലമ്പുര്‍: നെല്ലിക്കുത്ത് റിസർവ് വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്ന് വഴിക്കടവ് റേഞ്ച് ഓഫീസർ ഷെരീഫ് പനോലൻ പറഞ്ഞു. ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകൾ കാണാനില്ല. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
ജഡത്തിലെ കൊമ്പുകൾ ഊരിയെടുത്തതാകാനാണ് സാധ്യതയെന്ന് ഓഫീസർ പറഞ്ഞു. അല്ലാത്തപക്ഷം കൊമ്പ് വെട്ടിയെടുത്ത പാടുകൾ കാണേണ്ടതാണ്. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് ഡീസന്റ് കുന്നിൽ നിന്നും 200 മീറ്റർ ഉള്ളിലാണ് കാട്ടാനയുടെ ജഡം വനപാലകർ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം മറവ് ചെയ്തു.
ജനവാസമേഖലയിൽനിന്നു കേവലം 200 മീറ്റർ മാത്രം ദൂരത്ത്ൽ കാട്ടാന ചരിഞ്ഞിട്ടും രണ്ടുമാസമായിട്ടും വനംവകുപ്പിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നുള്ളതു വലിയ വീഴ്ചയാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. വനം വിജിലൻസ് വിഭാഗം ഇന്ന് സ്ഥലം സന്ദർശിക്കും. തുടർന്ന് വഴിക്കടവ് റേഞ്ചിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും.