തുടക്കം കസറി; ആഞ്ഞടിച്ച് നിധീഷ്, 24 റൺസിനിടെ വിദർഭയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം
Wednesday, February 26, 2025 10:42 AM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്ക്കെതിരേ കേരളത്തിന് മിന്നുന്ന തുടക്കം. 24 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. എം.ഡി. നിധീഷ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അരങ്ങേറ്റ താരം ഏദന്‍ ആപ്പിള്‍ ടോമിനാണ് മൂന്നാം വിക്കറ്റ്.
പാർഥ് രേഖഡെ (പൂജ്യം), ദർശൻ നല്‍കണ്ടെ (ഒന്ന്), ധ്രുവ് ഷോറെ (16) എന്നിവരുടെ വിക്കറ്റുകളാണ് വിദർഭയ്ക്കു നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ്. ആറു റൺസുമായി ഡാനിഷ് മലെവാറും നാലു റൺസുമായി കരുൺ നായരുമാണ് ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദർഭയ്ക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ നഷ്ടമായി. പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്.
പിന്നീട് സ്കോര്‍ 11 റൺസിലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്ശന് നല്‍കണ്ടെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നാലെ മൂന്നു ബൗണ്ടറികളുമായി നിലയുറപ്പിച്ച ധ്രുവ് ഷോറെയെ എദൻ ആപ്പിൾ ടോം മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ വിദർഭ മൂന്നിന് 24 റൺസെന്ന നിലയിലേക്ക് വീണു.
സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഷോൺ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, സെമിയില്‍ മുംബൈയെ വീഴ്ത്തിയ ടീമിനെ നിലനിർത്തിയാണ് വിദര്‍ഭ കിരീടപ്പോരാട്ടത്തിന് ഇറങ്ങിയത്.
വിദർഭ പ്ലേയിംഗ് ഇലവൻ: ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വഡ്കർ (ക്യാപ്റ്റൻ), അക്ഷയ് കർണേവാർ, ഹർഷ് ദുബെ, നചികേത് ഭൂതെ, ദർശൻ നൽകണ്ടെ, യാഷ് താക്കൂർ.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അഹമ്മദ് ഇമ്രാൻ, ഏഡൻ ആപ്പിൾ ടോം, ആദിത്യ സർവാതെ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ.