ആലുവ മണപ്പുറത്ത് ജനലക്ഷങ്ങൾ; മഹാശിവരാത്രി ആഘോഷത്തിന് തുടക്കം
Wednesday, February 26, 2025 9:08 AM IST
ആലുവ: വിശ്വാസികള്‍ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.
പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് ആലുവ മണപ്പുറത്തേക്ക് ഒഴുകുന്നത്. പുലര്‍ച്ചെ നാല് മുതല്‍ ബലി തര്‍പ്പണം ആരംഭിച്ചു. ക്ഷേത്ര കര്‍മങ്ങള്‍ക്കും ചടങ്ങുകള്‍ക്കും മേല്‍ശാന്തിയാണ് കാര്‍മികത്വം വഹിച്ചത്.
116 ബലിത്തറകള്‍ക്ക് സ്ഥലം നീക്കിവച്ചിട്ടുണ്ട്. ബലി തര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് നിരക്ക് 75 രൂപയാണ്. ശിവരാത്രിയോടാനുബന്ധിച്ച് വ്യാഴാഴ്ച രാത്രി രണ്ടു വരെ ആലുവയില്‍ ദേശീയ പാതയിലടക്കം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മണപ്പുറത്തു താത്കാലിക നഗരസഭാ ഓഫീസ്, പോലീസ് കണ്ട്രോള് റൂം, ഫയര്‍ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ആംബുലന്‍സ് സര്‍വീസ്, നേവിയുടെയും മുങ്ങല്‍ വിദഗ്ധരുടെയും സേവനം എന്നിവ ലഭ്യമാണ്.
കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷം. ഭക്തജനങ്ങള്‍ക്കു 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്കു ദേവസ്വം ബോര്‍ഡ് ലഘുഭക്ഷണം നല്‍കും.
ശിവരാത്രിയോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം നാലുമുതല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ആലുവയില്‍ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 1,500 പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്തി പോലീസിനെ നിയോഗിക്കും.