തീരദേശം നിശ്ചലമാകും; കടല്‍മണല്‍ ഖനനത്തിനെതിരേ തീരദേശ ഹര്‍ത്താല്‍ ഇന്ന് അർധരാത്രി മുതൽ
Wednesday, February 26, 2025 8:33 AM IST
ആലപ്പുഴ: കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹര്‍ത്താല്‍ ഇന്നു രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെ നടക്കും. 24 മണിക്കൂര്‍ ഹര്‍ത്താല്‍ കേരളത്തിന്റെ തീരദേശമാകെ നിശ്ചലമാക്കും. മത്സ്യബന്ധനത്തിന് തൊഴിലാളികൾ പോകില്ല. ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും മാര്‍ക്കറ്റുകളും തുറന്നു പ്രവര്‍ത്തിക്കില്ല.
എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ലത്തീന്‍ സഭ, ധീവരസഭ, വിവിധ ജമാ-അത്തുകളും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ ഒമ്പതിന് പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിക്കും. 125 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടക്കും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രകടനങ്ങളുടെ നേതൃത്വവും സമ്മേളനങ്ങളുടെ ഉദ്ഘാടനവും വിവിധ കക്ഷി നേതാക്കള്‍ നിര്‍വഹിക്കും.
കോ-ഓര്‍ഡിനേഷന്‍ ചെയര്മാന് ടി.എന്‍. പ്രതാപന്- തൃശൂര്‍ അഴീക്കോട്, പി.പി. ചിത്തരഞ്ജന് എംഎല്‍എ- ചെത്തി ഹാര്‍ബര്‍, ടി.ജെ. ആഞ്ചലോസ്- തോട്ടപ്പള്ളി, വി. ദിനകരന് -പുന്നപ്ര ഫിഷ് ലാന്‍ഡ്, ഉമ്മര്‍ ഒട്ടുമ്മല്‍ -താനൂര്‍, കൂട്ടായി ബഷീര്‍ പൊന്നാനി, ലീലാകൃഷ്ണന്-അഴീക്കല്‍ ഹാര്‍ബര്‍, പുല്ലുവിള സ്റ്റാന്‍ലി- വിഴിഞ്ഞം, ജാക്സണ് പൊള്ളയില് -അര്‍ത്തുങ്കല്‍, ടി. മനോഹരന് -നീണ്ടകര, പീറ്റര്‍ മര്‍ത്ത്യാസ്- കൊല്ലം, തങ്കശേരി, ചാള്‍സ് ജോര്‍ജ് -കൊച്ചി, അഡ്വ. അഡോള്‍ഫ് മൊറയില്‍- പൂന്തുറ, ആര്. ഗംഗാധരന്- കാസര്‍ഗോഡ്, അനില്‍ ബി. കളത്തില്‍- വലിയഴീക്കല്‍, ടി. രഘുവരന് -വൈപ്പിന്‍ എന്നിങ്ങനെ പ്രസംഗിക്കും.
കടല്‍മണല്‍ ഖനനത്തിലെ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായി മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും ജനറല്‍ കണ്‍വീനര്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ അറിയിച്ചിട്ടുണ്ട്.