വെഞ്ഞാറമൂട് കൊലപാതകം; അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Wednesday, February 26, 2025 6:23 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും.
അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളജിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ്
പോലീസ് ശ്രമം.
ഗൾഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമായാണ് ബന്ധുക്കളെ കൊന്നതെന്നായിരുന്നു അഫാൻ നേരത്തെ നൽകിയ മൊഴി.
ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാന്റെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ്. കോളജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം.
നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.