കൂട്ടക്കൊലയ്ക്ക് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യം?
Tuesday, February 25, 2025 9:38 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചു പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രതി അഹാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങൾ. കൊലപാതകത്തിനുശേഷം എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പോലീസിനോട് പ്രതി വെളിപ്പെടുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് ആശുപത്രി അധികൃതരിൽനിന്നു ലഭിക്കുന്ന വിവരം. തിരുവനന്തപുരം റൂറൽ എസ്പി, ആറ്റിങ്ങൽ ഡിവൈഎസ്പി , വെഞ്ഞാറമൂട് എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.
ചോദിച്ച പണം ലഭിക്കാത്തതിലുള്ള വൈര്യാഗമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എങ്കിലും യഥാർഥ കാരണത്തെക്കുറിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട് എന്നാണ് പോലീസ് പറയുന്നത്. വിദേശത്തുള്ള പിതാവിന്റെ സാന്പത്തിക ബാധ്യത തീർക്കാൻ വീട്ടുകാരും ബന്ധുക്കളും പണം നൽകാത്തതാണ് കൊലപാതകങ്ങൾക്ക് കാരണമെന്നാണ് പ്രതി വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾ പറഞ്ഞ കാര്യങ്ങൾ പൂർണമായും വിശ്വസിച്ചിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
വെഞ്ഞാറമൂട് പേരുമല ആർച്ച് ജംഗ്ഷനിൽ സൽമാസിൽ അഹാൻ (23) ആണ് പോലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കൂട്ടക്കൊലപാതകം. കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും ഉൾപ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.
അഫാന്റെ മുത്തശ്ശി സൽമാബീവി (95), അച്ഛന്റെ സഹോദരൻ അബ്ദുൾ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), അഹാന്റെ സഹോദരൻ അഹ്സാൻ (12), അഹാന്റെ പെണ്‍സുഹൃത്ത് വെഞ്ഞാറമൂട് മുക്കനൂർ സ്വദേശി ഫർസാന (22) എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ മാതാവ് ഷമിയയെയും കൊലപ്പെടുത്താൻ ശ്രമിച്ചു.
ഷമി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് വീടുകളിലായി ആറ് മണിക്കൂറിനകത്താണ് പ്രതി അഞ്ച് പേരെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രതി അഹാൻ ആസൂത്രണത്തോടെയാണ് കൊലപാതകങ്ങൾ നടപ്പിലാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടൊയെന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്. അഹാന്റെ സാന്പത്തിക ഇടപാടുകളും അടുത്ത സുഹൃത്തുക്കൾ ആരെല്ലാം എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നത്. മാതാവിനോട് രാവിലെ പണം ചോദിച്ചപ്പോൾ നൽകാത്തതിന്റെ വിരോധത്തിൽ ആദ്യം മാതാവിനെ ആക്രമിച്ചു. പിന്നീട് മുത്തശ്ശിയെ കൊലപ്പെടുത്തുന്നു.
അതിന് ശേഷമാണ് മറ്റുള്ളവരെ ബന്ധുവീട്ടിലെത്തി കൊലപ്പെടുത്തിയത്. കുഞ്ഞനുജനെയും ഏറ്റവും അവസാനമായി കൊലപ്പെടുത്തിയ ശേഷമാണ് കുളിച്ച് വസ്ത്രം മാറിയ ശേഷം പോലീസിൽ പ്രതി കീഴടങ്ങിയത്. അഹാന്റെ മൊഴികളിൽ നിരവധി വൈരുധ്യങ്ങളും ദുരൂഹതകളും ഉള്ളതായി പോലീസ് സംശയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹാന്റെ മാതാവ് ഷമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമെ യഥാർത്ഥ കാര്യങ്ങൾ പുറത്ത് വരികയുള്ളു. വിദേശത്തുള്ള അഹാന്റെ പിതാവ് റഹിമിൽ നിന്നും കുടുതൽ വിവരങ്ങൾ തേടാനുണ്ട്. നിരവധി ചോദ്യങ്ങൾ അവശേഷിക്കുകയാണ്.
അഹാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നുവൊയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. റഹിമിന് സാന്പത്തിക ബാധ്യത ഉണ്ടെങ്കിൽ ഇരുപത്തിമൂന്ന് കാരനായ മകന്റെ സഹായം തേടാനുള്ള സാധ്യത കുറവാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
തിരുവനന്തപുരം റൂറൽ എസ്പി. സുദർശനന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി. മഞ്ജുലാൽ, വെഞ്ഞാറമൂട് എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
പിതാവ് 75 ലക്ഷത്തിന്റെ കടമുണ്ടാക്കിയെന്നു പ്രതി
കേരളത്തെ ഞെട്ടിച്ച് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ പ്രതിയുടെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴയ്ക്കുന്നു. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്. വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നുമാണ് പ്രതിയുടെ മൊഴി. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തര്‍ക്കമുണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നൽകി.
പ്രതിയുടെ മാതാവുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം മാതാവിന്റെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാൻ തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്. അതേസമയം, പ്രതിയുടെ പെണ്‍സുഹൃത്തിനെ ഇന്നലെ വൈകിട്ടാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുന്നത്. ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കാണ് വെഞ്ഞാറമൂടിലെ വീട്ടിൽ നിന്ന് പെണ്‍കുട്ടി ഫര്സാൻ പോയതെന്ന് ഗ്രാമപഞ്ചായത്തംഗം പറഞ്ഞു. ട്യൂഷൻ എന്നുപറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിജി വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട ഫര്‍സാന.
നാട്ടിലടക്കം പലരിൽനിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്നും പ്രതി മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. താൻ മരിച്ചാൽ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി.
പെൺസുഹൃത്തിന്റെ മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ
അഫാന്റെ പെൺ സുഹൃത്ത് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ മുകളിലെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ. തലയ്ക്കും മുഖത്തും അടിയേറ്റ് വികൃതമായ നിലയിലായിരുന്നു മൃതദേഹം.
കൊല്ലത്ത് പിജിക്ക് പഠിക്കുകയായിരുന്ന മുരുക്കോണം സ്വദേശിയായ ഫര്‍സാന ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പഠനത്തിന് ശേഷമാകാം അഫാനോടൊപ്പം ഫർസാന അയാളുടെ വീട്ടിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. വീട്ടിൽ വച്ച് ഫർസാനയുമായി അഫാൻ തർക്കിച്ചതാവാം ആക്രമണത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു. വിവാഹത്തിന് സമ്മതം തേടാനാണ് അഫാൻ ഫർസാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്.
ആദ്യം ആക്രമിച്ചത് ഉമ്മയെ
അഫാൻ ആദ്യം ആക്രമിച്ചത് ഉമ്മ ഷെമിയെ. പേരുമലയിലെ വീട്ടിൽ മാതാവ് ഷെമിയുമായി തർക്കമുണ്ടായ ശേഷം കഴുത്തിൽ ഷാൾ കുരുക്കിയ നിലത്തേക്ക് എറിഞ്ഞു. തലയിടിച്ചു ബോധരഹിതയായ ഷെമി കൊല്ലപ്പെട്ടെന്ന് കരുതി അഫാൻ പിന്നീട് പാങ്ങോടുള്ള പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലെത്തി സൽമയെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ്മ ഷെമി ചികിത്സയിൽ തുടരുകയാണ്. സൽമ ബീവിയെ കൊലപ്പെടുത്തിയ ശേഷം ആഭരണവുമായാണ് അഫാൻ മടങ്ങിയത്. തുടർന്ന് വെഞ്ഞാറമൂട് എത്തിയ അഫാൻ ആഭരണം പണയം വച്ചു . അവിടെ നിൽക്കുമ്പോഴാണ് പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിക്കുന്നത്.
സൽമ ബീവിയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞായിരുന്നു കോൾ. പിന്നീട് ചുള്ളാളത്തെ വീട്ടിലെത്തിയ അഫാൻ ലത്തീഫിനെയും ഷാഹിദയെയും തലക്കടിച്ച് കൊലപ്പെടുത്തി. തുടർന്നാണ് പെൺസുഹൃത്ത് ഫർഹാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ കളിസ്ഥലത്തായിരുന്ന സഹോദരൻ അഹ്സാനെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.