വെഞ്ഞാറമൂട് കൂട്ടക്കൊല; കൊല്ലപ്പെട്ടവർക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്
Tuesday, February 25, 2025 7:27 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പ്രതിയുടെ പെൺ സുഹൃത്തായ കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ സംസ്കരിച്ചു.
പ്രതിയുടെ കുടുംബാംഗങ്ങളായ അഫ്സാൻ, സൽമാബീവി, ലത്തീഫ്, ഷാഹിദ എന്നിവരുടെ മൃതദേഹങ്ങളും സംസ്കരിച്ചു. താഴേ പ്ലാങ്ങോട് മുസ്ലീം ജുമാമസ്ജിദ് കബർസ്ഥാനിൽ ആയിരുന്നു സംസ്കാരം.
അതേസമയം പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന പ്രതി അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മരുന്നുകളോട് പോസിറ്റീവ് പ്രതികരണമാണ്. എന്നാല്‍ മൊഴി രേഖപ്പെടുത്താനുള്ള ശാരീരികനില ആയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഫാൻ ആദ്യം ആക്രമിച്ചത് ഉമ്മ ഷെമിയെ ആണ്. പേരുമലയിലെ വീട്ടിൽ മാതാവ് ഷെമിയുമായി തർക്കമുണ്ടായതോടെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ചു ബോധരഹിതയായ ഷെമി കൊല്ലപ്പെട്ടെന്ന് കരുതി അഫാൻ ഇവിടെനിന്ന് പോവുകയായിരുന്നു. പിന്നീട് പോലീസാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.