റാവൽപിണ്ടിയിൽ മഴ, ടോസിടാനായില്ല; ഓസീസ്- ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു
Tuesday, February 25, 2025 3:05 PM IST
റാവൽപിണ്ടി: ചാന്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം വൈകുന്നു. മത്സരം നടക്കുന്ന റാവൽപിണ്ടിയിൽ മഴ കനത്തതോടെ ടോസ് പോലും സാധ്യമായിട്ടില്ല. ഉച്ചകഴിഞ്ഞ് 2.30നാണ് കളി ആരംഭിക്കേണ്ടിയിരുന്നത്.
ആദ്യ മത്സരങ്ങളിൽ വിജയം നേടിയ ഇരു ടീമും മികച്ച ഫോമിലാണ്. ഓസ്ട്രേലിയ തങ്ങളുടെ ആദ്യ മത്സരത്തിൽ പ്രബലരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് തോൽപ്പിച്ചത്. സെഞ്ചുറി നേടിയ ജോസ് ഇംഗ്ലിസിന്റെയും അർധ സെഞ്ചുറി നേടിയ മാറ്റ് ഷോർട്ടിന്റെയും അലക്സ് കാരിയുടേയും മികവിലാണ് ഓസീസ് വിജയിച്ചത്.
അഫ്ഗാനിസ്ഥാനെ 107 റൺസിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ചാന്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് തുടക്കമിട്ടത്. സെഞ്ചുറിയുമായി റയാൻ റിക്കിൽടണും അർധ സെഞ്ചുറിയുമായി ബാവുമയും എയ്ഡൻ മാർക്രമും തിളങ്ങിയപ്പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി കഗിസോ റബാഡയും മികച്ച പ്രകടനമാണ് നടത്തിയത്.