തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് വൻനേട്ടം, 17 സീറ്റിൽ ജയം; യുഡിഎഫിന് 12 സീറ്റ്
Tuesday, February 25, 2025 1:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്. തെരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളിൽ 15 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരു സീറ്റില്‍ എസ്ഡിപിഐയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയിച്ചത്.
വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലായിരുന്നു തെരഞ്ഞെടുപ്പ്. ഇതിൽ കാസർഗോഡ് ജില്ലയിൽ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു കൂടി ചേർത്താൽ 17 സീറ്റാണ് എൽഡിഎഫിനുള്ളത്.
തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാര്‍ഡുകളില്‍ സിപിഐ, സിപിഎം, കോണ്‍ഗ്രസ്, എസ്ഡിപിഐ എന്നിവർ ഓരോ സീറ്റ് നേടി. ശ്രീവരാഹം വാര്‍ഡില്‍ സിപിഐയുടെ ഹരികുമാര്‍ സിറ്റിംഗ് സീറ്റിൽ വിജയിച്ചു. കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡില്‍ കോണ്‍ഗ്രസിലെ സേവ്യര്‍ ജറോണ്‍ വിജയിച്ചു.
പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പൂവച്ചൽ പഞ്ചായത്തിലെ പുളിന്കോടു വാര്‍ഡില്‍ സിപിഎമ്മിലെ സെയ്ദ് സബര്‍മതി വിജയിച്ചു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മഞ്ജു സാം 193 വോട്ടുകൾക്ക് വിജയിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ 900 വോട്ടുകൾക്ക് വിജയിച്ചു.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഷീജ ദിലീപ് 24 വോട്ടിന് വിജയിച്ചു. ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ പ്രയാർ തെക്ക് ബി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയാദേവി 277 വോട്ടുകൾക്കാണ് വിജയിച്ചത്. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുമാംമൂട് പതിനെട്ടാം വാർഡിൽ എൽഡിഎഫിലെ സൂരജ് ശിശുപാലൻ 595 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ആലപ്പുഴ മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ബിൻസി ഷാബു 15 വോട്ടിന് വിജയിച്ചു. കാവാലം പഞ്ചായത്തിൽ പാലോടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഡി. മംഗളാനന്ദൻ 171 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് കുമ്പഴ നോർത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ മാത്യു മൂന്ന് വോട്ടിന് വിജയിച്ചു. പുറമറ്റം പഞ്ചായത്തിലെ ഗാലക്സി വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ശോഭിക ഗോപി 152 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
അയിരൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന തടിയൂർ യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ പ്രീത നായർ 116 വോട്ടിനാണു ജയിച്ചത്.
കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാംവാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത 236 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി കെ.ആർ.അശ്വതി രണ്ടാമതെത്തി. എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച കേരള കോൺഗ്രസ് -എം സ്ഥാനാർഥി മോളി ജോഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇടുക്കി വാത്തിക്കുടി ഗ്രാമപ്പഞ്ചായത്തിലെ ദൈവംമേട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബീന ബിജു ഏഴു വോട്ടിന് വിജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ് വീതമായി. യുഡിഎഫ് ആണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മേരിക്കുട്ടി ചാക്കോ 65 വോട്ടിന് വിജയിച്ചു. പായിപ്ര പഞ്ചായത്തിലെ 10-ാം വാർഡ് എൽഡിഎഫ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി സുജാത ജോൺ 162 വോട്ടിനാണ് ജയിച്ചത്.
കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്ത് പത്താം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി അമൽ രാജ് 461 വോട്ട് നേടി വിജയിച്ചു. പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ 10-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എൻ.എം. നൗഷാദ് 40 വോട്ടിന് അട്ടിമറിജയം നേടി.
തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഷഹർബാൻ 41 വോട്ടിന് വിജയിച്ചു.
പാലക്കാട് ജില്ലയിലെ മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി.ബി. പ്രശോഭ് 346 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിലെ 14-ാം വാർഡ് കുഞ്ഞല്ലൂരിൽ യുഡിഎഫ് സ്ഥാനാർഥി പുതിയോട്ടിൽ അജയൻ 20 വോട്ടുകൾക്ക് വിജയിച്ചു.
മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ ചക്കിട്ടമല വാർഡിൽ യുഡിഎഫിലെ വിപിൻ കരുവാടൻ 397 വോട്ടിന് വിജയിച്ചു. തിരുനാവായ പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജബ്ബാർ ഉണ്ണിയാലുങ്കൽ 260 വോട്ടിനു വിജയിച്ചു.
കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാംവാർഡ് താഴെചമ്പാടിൽ എൽഡിഎഫിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിലെ എം.വി. അബ്ദുള്ളയെയാണ് പരാജയപ്പെടുത്തിയത്.
കാസർഗോഡ് ജില്ലയിലെ കോഡോം-ബേലൂർ പഞ്ചായത്തിലെ അയരോട്ട് എൽഡിഎഫിലെ സൂര്യ ഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് വാർഡിൽ എൽഡിഎഫിലെ ഒ നിഷയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി കെ. സുകുമാരനും നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.