വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതിയെ ആശുപത്രിയിലെത്തി ചോദ്യംചെയ്യും
Tuesday, February 25, 2025 11:19 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഡോക്ടർമാരുടെ അനുമതിയോടെ ആശുപത്രിയിൽ ചോദ്യംചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.
അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്. ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികൾ. അഫാൻ മയക്കുമരുന്ന് അടിമയാണോ എന്നും പരിശോധന നടത്തും. രക്ത പരിശോധനയ്ക്കും പോലീസ് നിർദേശിച്ചിട്ടുണ്ട്. അതേസമയം, കൂട്ടക്കൊലപാതകം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയുമുൾപ്പെടെ അഞ്ച് പേരെയാണ് വെഞ്ഞാറമ്മൂട് പേരുമല സ്വദേശിയായ അഫാൻ (23) കൂട്ടക്കുരുതി നടത്തിയത്. യുവാവിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കാൻസർ രോഗിയായ ഇയാളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വന്തം അനുജനെയും അമ്മൂമ്മയെയും ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയുമാണ് പ്രതി കൊലപ്പെടുത്തിയത്.
അഫാന്റെ പിതാവിന്റെ അമ്മ സൽമാബീവി (88), പിതൃസഹോദരൻ ലത്തീഫ് (69), ഭാര്യ ഷാഹിദ (59), സ്കൂൾ വിദ്യാർഥിയായ അനുജൻ അഹ്സാൻ (14), പെണ്‍സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരമായ ആക്രമണത്തിനിരയായ അമ്മ ഷെമി ഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
രണ്ടു മണിക്കൂറിനുള്ളിൽ 30 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ച് മൂന്ന് വീടുകളിലെത്തി മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടിയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചുമാണ് ഇയാൾ ആറു പേരെയും ആക്രമിച്ചത്. ഇതിനുശേഷം പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം സ്വയം അറിയിക്കുകയായിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതിനെത്തുടർന്ന് പോലീസ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകം നടന്ന മൂന്നു വീടുകൾ. പോലീസ് പറയുന്നതു പ്രകാരം, കല്ലറ പാങ്ങോടുള്ള മുത്തശി സൽമാ ബീവിയുടെ വീട്ടിലേക്കാണ് പ്രതി ആദ്യമെത്തിയത്. ഒറ്റയ്ക്കു താമസിക്കുന്ന മുത്തശിയെ കൊലപ്പെടുത്തിയ ശേഷം ചുള്ളാളം എസ്എൻ പുരത്തുള്ള പിതൃസഹോദരന്റെ വീട്ടിലെത്തി ദന്പതികളെ കൊലപ്പെ ടുത്തി.
അവിടെനിന്നും പേരുമലയിലെ സ്വന്തം വീട്ടിലെത്തി അമ്മയെയും പെണ്‍സുഹൃത്തിനെയും അനുജനെയും ആക്രമിച്ചു. ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിയായ അനുജനും പെണ്‍സുഹൃത്തും കൊല്ലപ്പെട്ടു. അമ്മയും മരിച്ചെന്നു കരുതിയാണ് പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം 6.20 ഓടെയാണ് പ്രതിയായ അഫാൻ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതി പറഞ്ഞ ഇടങ്ങളിലെ വീടുകളിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു.
തുടർനടപടികളിലേക്കു പോലീസ് കടക്കുന്നതിനിടെ താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതോടെ പോലീസ് കന്യാകുളങ്ങരയിലെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.