പള്‍സര്‍ സുനിക്ക് കുരുക്ക്; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി
Tuesday, February 25, 2025 10:16 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരേ വിചാരണക്കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്കി. സുനി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.
പെരുമ്പാവൂര്‍ കുറുംപ്പംപടിയില്‍ ഹോട്ടലില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന ജാമ്യവസ്ഥ ലംഘിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ജാമ്യം റദ്ദാക്കുന്നതിന് വേണ്ട ആദ്യ നടപടിയായാണ് പോലീസ് വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ഏഴരവര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്, മറ്റ് കേസുകളില്‍ ഉൾപ്പെടരുത് എന്നതടക്കം കര്‍ശന ഉപാധികളോടെയായായിരുന്നു ജാമ്യം.
എന്നാൽ കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബഹളമുണ്ടാക്കിയതും സാധനങ്ങള്‍ തല്ലിതകര്ത്തിയതിനുമാണ് കുറുംപ്പംപടി പോലീസ് സുനിക്കെതിരേ കേസെടുത്തത്.