സാറെ ഞാന്‍ ആറ് പേരെ കൊന്നു, കീഴടങ്ങുന്നു; യുവാവിന്റെ മൊഴികേട്ട് പോലീസ് നടുങ്ങി
Monday, February 24, 2025 10:46 PM IST
തിരുവനന്തപുരം: സാറെ ഞാന്‍ ആറ് പേരെ കൊന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി 23 വയസുകാരന് അഫാന് പറഞ്ഞത് കേട്ട് പോലീസ് ഉദ്യോഗസ്ഥർ നടുങ്ങി. മൂന്ന് സ്ഥലങ്ങളിലായി ആറ് പേരെ താൻ വെട്ടി എന്ന് യുവാവ് പറഞ്ഞപ്പോൾ പോലീസ് ആദ്യം വിശ്വസിച്ചിരുന്നില്ല.
പിന്നീട് അഫാൻ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻ തന്നെ ഡിവൈഎസ്പി സ്റ്റേഷനിലേക്ക് കുതിച്ചെത്തി.
പ്രതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോഴാണ് ഇയാൾ വിഷം കഴിച്ചെന്ന സൂചന ലഭിച്ചത്. തുടർന്ന് അഫാനെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 13 വയസുള്ള സഹോദരൻ അഫ്സാന് മന്തിവാങ്ങി കൊടുത്തശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ക്യാൻസർ രോഗബാധിതയായ അഫാന്റെ മാതാവിന്റെ തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടെന്നും പരിക്ക് ഗുരുതരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതലാണ് പ്രതി കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പോലീസ് കണ്ടെത്തി.