ശശി തരൂർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ലീഗ്
Monday, February 24, 2025 9:55 PM IST
കോഴിക്കോട്: ശശി തരൂരിന്റെ അഭിമുഖ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്. നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീര്‍ എംഎല്‍എയും രംഗത്തെത്തി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസിനെ തരൂര്‍ ദുര്‍ബലപ്പെടുത്തുന്നതെന്നും ഇത് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള യുഡിഎഫിന്റെ സാധ്യതയെ ഇല്ലാതാക്കുന്നതാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കള്‍ ഇതിന് ഉടന്‍തന്നെ പരിഹാരം കാണണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണം. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ പരിധികടന്ന് ലീഗ് ഇടപെടില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ അങ്ങനെ കാണാനാവില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുന്നണിയിൽ പ്രശ്നം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത് നോക്കാം എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ഡോ. എം.കെ.മുനീര്‍ എംഎല്‍എ പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോൺഗ്രസാണ്. ഇക്കാര്യം ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ഗൗരവത്തോടെ കാണണമെന്നും എം.കെ.മുനീർ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും കേരളത്തില്‍ ഇടതുവികസന നയങ്ങളെയും പുകഴ്ത്തിയ തരൂർ, കോൺഗ്രസിന് സംസ്ഥാനത്ത് നേതൃദാരിദ്ര്യമുണ്ടെന്നും പറഞ്ഞാണ് യുഡിഎഫിനെ ഒന്നാകെ വിഷമവൃത്തത്തിലാക്കിയത്.