വാർഡു വിഭജനം; പരാതിക്കാരെ ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടു കാണും
Monday, February 24, 2025 9:44 PM IST
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പരാതിക്കാരെ നേരിട്ടു കാണുമെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്മാന് എ.ഷാജഹാന്.
പാലക്കാട്ടെ പട്ടാമ്പി, കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, കണ്ണൂരിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികളിലെയും കാസർഗോഡ് ജില്ലയിലെ പടന്ന പഞ്ചായത്തിലെയും വാർഡുവിഭജനം സംബന്ധിച്ച് പരാതിക്കാരെയാണ് കമ്മീഷന് നേരിൽ കാണുന്നത്.
ഈ തദ്ദേശസ്ഥാപനങ്ങളിലെ കരട് വാർഡുവിഭജന നിർദ്ദേശങ്ങളിൽ പരാതി നൽകിയവരെ മാർച്ച് ഏഴിന് രാവിലെ 10 മുതൽ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് കമ്മീഷൻ നേരിൽ കേൾക്കുക.
സംസ്ഥാനത്തെ മറ്റ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ വാർഡുവിഭജന പരാതികളിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലകളിൽ നടത്തിയ പബ്ലിക് ഹിയറിംഗ് 22ന് പൂർത്തിയായിരുന്നു.