വെഞ്ഞാറമൂട് കൂട്ടക്കൊല; വിഷം കഴിച്ച പ്രതിയെ മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു
Monday, February 24, 2025 9:22 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന് എലിവിഷം കഴിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്തായിരുന്ന പ്രതി ഏതാനം നാളുകൾക്ക് മുമ്പാണ് നാട്ടിലെത്തിയതെന്നും വിവരമുണ്ട്.
കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. സൽമാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം എസ്.എൻ. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി രണ്ടു പേരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി സഹോദരനെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയത്.
പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അനിയൻ അഫ്സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.
രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയതെന്നും സൂചനയുണ്ട്.