തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊല; അഞ്ചുപേരെ യുവാവ് വെട്ടിക്കൊന്നു
Monday, February 24, 2025 7:46 PM IST
തിരുവനന്തപുരം: പെൺസുഹൃത്തിനെ ഉൾപ്പടെ അഞ്ചുപേരെ കൊലപ്പെടുത്തിയ യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ പ്രതി അഫാൻ (23) നെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. സഹോദരൻ, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, പിതാവിന്റെ സഹോദരൻ, ഭാര്യ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. പാങ്ങോട്ടുള്ള വീട്ടിൽ നിന്ന് പ്രതിയുടെ മുത്തശ്ശി സൽമാബീവി(88)ന്റെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
മാതാവ് ഷെമിയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. കൊലയക്കു പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്ന് പ്രതി പോലീസിൽ മൊഴി നൽകി.
കൊലപാതകത്തിന് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പ്രതി പോലീസ് സ്റ്റേഷനിലേക്ക് പോയത്. പ്രതി വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ഇയാളെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.