മന്ത്രി എ.കെ.ശശീന്ദ്രന്റെ വാഹനം യൂത്ത്കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു
Monday, February 24, 2025 5:56 PM IST
കണ്ണൂർ: ദമ്പതികളെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ആറളത്ത് പ്രതിഷേധം തുടരുന്നു. ആറളം പഞ്ചായത്ത് ഓഫീസിൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനായി എത്തിയ മന്ത്രി എ.കെ.ശശീന്ദ്രന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
കരിങ്കൊടി കാട്ടുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയതിനുശേഷമാണ് മന്ത്രിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എത്താനായത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ജില്ലാ കളക്ടറും സബ് കളക്ടറും ഉൾപ്പടെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രൻ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ഉറപ്പുകൾ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൻ പോലീസന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
ഞായറാഴ്ച ആറളം 13-ാം ബ്ലോക്കിലുണ്ടായ കാട്ടാന ആക്രമണത്തിലാണ് വെള്ളി (70), ലീല (68) ദമ്പതികള്‍ കൊല്ലപ്പെട്ടത്. ആറളം ഫാമില്‍ കശുവണ്ടി പെറുക്കാന്‍ പോയ ഇരുവരെയും കാട്ടാന ആക്രമിക്കുകയായിരുന്നു.