വടകര ജില്ലാ ആശുപത്രിയിലെ സ്റ്റീൽ വേലിക്കുള്ളിൽ ആറു വയസുകാരന്റെ തല കുടുങ്ങി
Monday, February 24, 2025 5:32 PM IST
കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയിലെ സ്റ്റീൽ വേലിക്കുള്ളിൽ ആറുവയസുകാരന്റെ തല കുടുങ്ങിയത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
മാതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. കളിക്കുന്നതിനിടെ അബദ്ധത്തിൽ തല കുടുങ്ങുകയായിരുന്നു. ആശുപത്രി അധികൃതരും കുട്ടിയുടെ ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് അഗ്നിരക്ഷ സേനയും പോലീസും ചേർന്ന് സ്റ്റീൽ വേലി മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അരമണിക്കൂറിലേറെ നേരം കുട്ടി കുടുങ്ങിക്കിടന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.