ആറളത്ത് വന്‍ പ്രതിഷേധം; മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞു
Monday, February 24, 2025 3:33 PM IST
കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട ആറളം ഫാമില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍. മരിച്ചവരുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാർ തടഞ്ഞു.
വനംമന്ത്രി സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ പോലീസ് ആദ്യം ശ്രമം നടത്തിയത് സംഘർഷത്തിലേക്ക് നയിച്ചു. പ്രതിഷേധക്കാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി.
മന്ത്രി ഇവിടെയെത്താതെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകില്ലെന്നാണു പ്രതിഷേധക്കാർ പറയുന്നത്. സംഭവസ്ഥലത്തെത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അടക്കമുള്ള നേതാക്കളെയും പ്രതിഷേധക്കാർ തടഞ്ഞു.