വയനാട് പുനരധിവാസത്തിനായി ഏഴ് മാസമായിട്ടും ഒന്നും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ്
Monday, February 24, 2025 12:38 PM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ഏഴ് മാസമായിട്ടും ഒന്നും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലം പോലും ഇതുവരെ എടുത്തിട്ടില്ല. സ്വാഭാവികമായും അവർ സമരം ചെയ്യും. ഐക്യജനാതിപത്യ മുന്നണിയുടെ പിന്തുണ അവർക്കുണ്ടാകുമെന്ന് സതീശൻ വ്യക്തമാക്കി.
ഉപാദികൾ ഇല്ലാതെ സർക്കാരിന് പുനരധിവാസത്തിനു പിന്തുണ കൊടുത്തതാണ് യുഡിഎഫ്. 30 ലക്ഷം രൂപയ്ക്ക് ആയിരം ചതുരശ്ര അടി വീട് എന്ന് പറഞ്ഞിട്ട് ഇപ്പോൾ ആർക്കും വീടില്ല. പത്ത് സെന്റ് സ്ഥലം എന്ന് പറഞ്ഞിട്ട് ഇപ്പോൾ അത് അഞ്ച് സെന്റായി. എവിടെയാണ് സ്ഥലം എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന സിപിഎമ്മിന്റെ രേഖ ഞെട്ടൽ ഉണ്ടാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എത്രയോ കാലങ്ങളായുള്ള രഹസ്യം പുറത്ത് വന്നന്നേയുള്ളൂവെന്നും സതീശൻ പറഞ്ഞു.
സിപിഐയും ഇന്ത്യ മുന്നണിയും പറയുന്നു മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന്. അതിൽ നിന്ന് വിപരീതമായി സിപിഎമ്മിന്റെ രേഖ പറയുന്നത്. കരട് രേഖ എന്ത് സാഹചര്യത്തിൽ ആണ് തയാറാക്കിയതെന്ന് സതീശൻ ചോദിച്ചു. സംഘപരിവാറുമായി പൂർണമായി സന്ധിചെയ്തതാണ് ഇത്.
ആരോഗ്യമന്ത്രിയും, ധനകാര്യ മന്ത്രിയും ആശാ വർക്കർമാരെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. 12ഉം 14ഉം മണിക്കൂർ ജോലിചെയ്താലും തീരുന്നില്ല. ആശാ വർക്കർമാർക്ക് ആകെ കൈയിൽ കിട്ടുന്നത് 7000 രൂപ മാത്രമാണെന്നും സതീശൻ പറഞ്ഞു.
അതേസമയം ശശി തരൂർ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് നോ കമന്റസ് എന്ന് സതീശൻ ആവർത്തിച്ചു.