എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയമാണ്; തരൂർ വിവാദത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് ചെന്നിത്തല
Monday, February 24, 2025 12:21 PM IST
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന് രമേശ് ചെന്നിത്തല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയമാണിതെന്ന് ചെന്നിത്തല പ്രതികരിച്ചു.
കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണ്. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്.
പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ല. വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുത്. ബിജെപിയുമായി കൂട്ടുകൂടാനാണ് പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ സിപിഎമ്മിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
ശശി തരൂരുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനും താനില്ല. തരൂർ രാഹുൽ ഗാന്ധിയെ കാണുന്നതിന് മുന്പ് കൊടുത്ത അഭിമുഖത്തിലെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. രാഹുലിനെ കണ്ട ശേഷം തരൂർ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.