കാറിലെത്തിയ സംഘം ഗൃഹനാഥനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയി
Monday, February 24, 2025 11:55 AM IST
പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്. തുടർന്ന് തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു.
മൂന്നംഗസംഘമാണ് നൗഷാദിനെ ആക്രമിക്കുകയും വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു. നൗഷാദ് ശബ്ദമുണ്ടാക്കിയതോടെ സമീപവാസികൾ ബഹളം കേട്ട് എത്തിയെങ്കിലും സംഘം ഉടൻ കാറിൽ ഇയാളുമായി കടന്നു കളഞ്ഞു.
തട്ടിക്കൊണ്ടുപോയവർ മുഖം മൂടിയിട്ടതിനാൽ ആരാണ് സംഘത്തിലുള്ളവർ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയിൽ രാത്രി പതിനൊന്നോടെ മകന്റെ ഫോണിലേക്ക് കോൾ വന്നു. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണ് നൗഷാദ് അറിയിച്ചത്.
തുടർന്ന് ബന്ധുക്കൾ നവക്കരയിൽ എത്തി. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.