തെലുങ്കാന ടണൽ അപകടം: തൊഴിലാളികളെ കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം തുടരുന്നു
Monday, February 24, 2025 10:50 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകുർണൂലിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന എട്ട് തൊഴിലാളികളെ രക്ഷിക്കാൻ ഊർജിതശ്രമം തുടരുന്നു. പ്രാദേശിക രക്ഷാപ്രവർത്തകർക്ക് പുറമെ ഇന്ത്യൻ ആർമി, നേവി, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്) തുടങ്ങിയ ഏജൻസികളും രക്ഷാപ്രവർത്തനം നടത്തുകയാണ്.
തൊഴിലാളികളെ ഉടൻ കണ്ടെത്തി രക്ഷപ്പെടുത്താനാകും എന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. അതേസമയം, ചെളിയും വെള്ളക്കെട്ടും സിമന്റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവർത്തകർക്ക് മുന്നോട്ട് പോകാൻ കടുത്ത വെല്ലുവിളിയാണ്.
നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രോജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. ടണലിൽ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു.