കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്
Monday, February 24, 2025 5:42 AM IST
കണ്ണൂർ : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് ആറളം ഫാമിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ദമ്പതികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
വനാതിർത്തിയിൽ ആന മതിൽ നിർമാണം രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാന ആക്രമണത്തിനു പരിഹാരം കാണുന്നതിനായി മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് കണ്ണൂരിൽ സർവകക്ഷി യോഗം ചേരും.