ചേർത്തലയിൽ ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ആറ് പേർക്ക് പരിക്ക്
Sunday, February 23, 2025 11:48 PM IST
ആലപ്പുഴ: ചേർത്തലയിൽ ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവറടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ തിരുവിഴ കവലയ്ക്ക് കിഴക്കുവശമാണ് അപകടമുണ്ടായത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചേർത്തലയിൽ കോഴിവളം ഇറക്കിയശേഷം കായിപ്പുറത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും, ചെറുവാരണം പുത്തനമ്പലം ഭാഗത്ത് നിന്ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലേയ്ക്ക് പോയ ഓട്ടോയുമാണ് ഇടിച്ചത്.
കണ്ണങ്കര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അതിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട്. ഓട്ടോ പൂർണമായും തകർന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും സ്ത്രീകളും റോഡിലേയ്ക്ക് തെറിച്ച് വീണു.
സ്ത്രീകൾക്ക് തലയ്ക്കും, കാലുകൾക്കും പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.