ഇടിച്ചു പലവട്ടം തലകീഴായി മറിഞ്ഞു; റേസിംഗിനിടെ നടന് അജിത്തിന്റെ കാർ വീണ്ടും അപകടത്തില്‍പ്പെട്ടു
Sunday, February 23, 2025 2:51 PM IST
ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന റേസിംഗ് മത്സരത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിന്റെ വലന്‍സിയയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. താരത്തിന് കാര്യമായ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കാര്‍ മറ്റൊരു കാറിന്റെ പിന്നിലിടിക്കുന്നതും പിന്നീട് പലതവണ മറിയുകയും ചെയ്യുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്ര, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
മത്സരത്തിന്റെ അഞ്ചാം റൗണ്ടില്‍ അജിത്തിന് നന്നായി മത്സരിക്കാന്‍ സാധിച്ചു. എന്നാല്‍ ആറാം റൗണ്ട് ദൗര്‍ഭാഗ്യകരമായിരുന്നു. മറ്റ് കാറുകള്‍ കാരണം രണ്ടുതവണ ഇടിച്ചു. പിഴവ് അദ്ദേഹത്തിന്റേത് ആയിരുന്നില്ല എന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്നും സുരേഷ് ചന്ദ്ര ട്വീറ്റില്‍ പറയുന്നു.
ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ അപകടമാണിത്. ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്റ്റോറിൽ നടന്ന കാറോട്ട മത്സരത്തിനുള്ള പരിശീലനത്തിനിടെയും അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അന്നും അദ്ദേഹത്തിന് പരിക്കൊന്നും കൂടാതെ രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നു.