റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം; പ്രതികൾ പിടിയിൽ
Saturday, February 22, 2025 6:28 PM IST
കൊല്ലം: റെയിൽവേ പാളത്തിൽ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.
കുണ്ടറയിൽ പുലർച്ചെ രണ്ടിനാണ് റെയിൽവേ പാളത്തിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ഏഴുകോൺ പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു.
റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ പോസ്റ്റ് കണ്ടത് പ്രദേശവാസിയാണ്. ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ സിസിടിവിയിൽനിന്ന് രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവരാണ് ഇപ്പോൾ പിടിയിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇരുവരേയും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പരിശോധന നടത്തി. സംഭവ സമയത്ത് പ്രതികള്‍ റെയില്‍ പാളത്തിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.