കൈക്കൂലി കേസ്: എറണാകുളം ആര്‍ടിഒയെ സസ്പെൻഡ് ചെയ്തു
Friday, February 21, 2025 8:25 PM IST
എറണാകുളം: ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെഴ്സനെ സസ്പെൻഡ് ചെയ്തു. ആർടിഒക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് വിജിലൻസ് നിർദേശിച്ചു.
ആര്‍ടിഒ ജെഴ്സണ്, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച എറണാകുളം ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് സമീപത്തു നിന്നാണ് 5,000 രൂപയും ഒരു കുപ്പി മദ്യവും ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഏജന്റുമാരായ സജിയും രാമപടിയാറും പിടിയിലായത്.
ഇവരുടെ കുറ്റസമ്മത മൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആര്‍ടിഒ ജെഴ്സനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. പ്രതികള്‍ അറസ്റ്റിലായ ബുധനാഴ്ച വൈകുന്നേരവും ആര്‍ടിഒയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. അന്ന് 49 കുപ്പി വിദേശമദ്യം പിടിച്ചെടുത്തിരുന്നു.
ആര്‍ടിഒ ജെര്‍സണിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി. പരിശോധനയില്‍ 74 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ രേഖകളും 64,000 രൂപയും, ഭൂമി വാങ്ങിയതിന്റെ രേഖകളും 74 കുപ്പി വിദേശ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു.