ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് ആരോപണം; ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം, അന്വേഷണം തുടങ്ങിയെന്ന് സൂചന
Friday, February 21, 2025 7:31 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ അമേരിക്ക ഫണ്ട് നൽകി എന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം. ആരോപണത്തിൽ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നൽകി.
വിഷയം രാജ്യത്തെ ബന്ധപ്പെട്ട ഏജൻസികൾ പരിശോധിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ 21 മില്യൺ ഡോളർ ഫണ്ട് എത്തിയെന്ന് വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ഈ പണം കൈക്കൂലിയാണ്. നൽകിയവർക്ക് ഇതിന്റെ വിഹിതം കിട്ടുന്നുണ്ട്. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചു എന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള യുഎസ് സഹായം നിർത്തലാക്കിയതിനു പിന്നാലെയാണ് ആരോപണം.
ട്രംപിന്റെ പ്രതികരണത്തിനു പിന്നാലെ വിഷയം ഇന്ത്യയിലും വലിയ രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.