മുംബൈ തോറ്റു; രഞ്ജിയിൽ കേരളം x വിദർഭ ഫൈനൽ
Friday, February 21, 2025 4:05 PM IST
നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ നിലവിലെ ചാന്പ്യൻമാരായ മുംബൈയെ കീഴ്പ്പെടുത്തി വിദർഭ ഫൈനലിൽ കടന്നു. 80 റണ്‍സിനായിരുന്നു വിദർഭയുടെ ജയം. സ്കോർ: വിദർഭ-383 & 292, മുംബൈ-270 & 325
രണ്ടാം ഇന്നിംഗ്സിൽ 406 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 325 റണ്‍സ് മാത്രമാണ് നേടാനായുള്ളു. 66 റണ്‍സ് നേടിയ ഷാർദുൽ താക്കൂറാണ് മുംബൈ നിരയിൽ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 23 റണ്‍സും ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 12 റണ്‍സും ശിവം ദുംബെ 12 റണ്‍സും മാത്രമാണ് നേടിയത്. ഷംസ് മുലാനി 46 റണ്‍സ് നേടി.
ഹർഷ് ദുബെയുടെ തകർപ്പൻ പ്രകടനമാണ് വിദർഭയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 41.5 ഓവറിൽ 127 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ഹർഷ് പിഴുതത്. യാഷ് താക്കൂറും പാർഥ് രേഖഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിദർഭയുടെ രണ്ടാമിന്നിംഗ്സ് 292 റണ്‍സിൽ അവസാനിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ കൂടി ബലത്തിലാണ് വിദർഭ മുംബൈയ്ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ചത്.
ഫെബ്രുവരി 26ന് നടക്കുന്ന ഫൈനലിൽ വിദർഭ കേരളത്തെ നേരിടും. ആദ്യമായാണ് കേരളം ഫൈനലിൽ എത്തുന്നത്.