സ്വർണമെന്നു കരുതി വഴിയാത്രക്കാരിയുടെ മുക്കുമാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ
Friday, February 21, 2025 1:01 PM IST
കണ്ണൂർ: വയോധികയായ വഴിയാത്രക്കാരിയുടെ മുക്കുമാല സ്വർണമെന്ന് കരുതി പൊട്ടിച്ചെടുത്ത മോഷ്ടാവ് പോലീസ് പിടിയിലായി. നാറാത്ത് സ്വദേശി ഇബ്രാഹിം (41) ആണ് അറസ്റ്റിലായത്.
പന്നേൻപാറ സ്വദേശിനിയായ എഴുപത്തിരണ്ടുകാരിയുടെ മാലയാണ് വ്യാഴാഴ്ച ഉച്ചയോടെ സ്കൂട്ടറിലെത്തിയ പ്രതി കവർന്നത്. കടയിൽ പോയി മടങ്ങുകയായിരുന്ന വയോധികയുടെ സമീപമെത്തിയ പ്രതി വഴി ചോദിക്കാനാണെന്ന വ്യാജേന സമീപത്തെത്തി മാല പൊട്ടിക്കുകയായിരുന്നു.
മാല പൊട്ടിച്ച ഉടൻ സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ചയ്ക്കാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.