പുനരധിവാസം പൂര്‍ത്തിയാക്കണം; പ്രക്ഷോഭത്തിനൊരുങ്ങി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍
Friday, February 21, 2025 11:57 AM IST
കൊച്ചി: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് വന്‍ പ്രക്ഷോഭത്തിനൊരുങ്ങി മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍. ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഞായറാഴ്ച ദുരന്തഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്യും.
പുനരധിവാസം പൂര്‍ത്തിയാക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജനകീയ ആക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ദുരന്തം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും പ്രാഥമികമായി ഭൂമി ഏറ്റെടുക്കുന്ന നടപടി പോലും പൂര്‍ത്തിയാക്കാത്തതില്‍ ഇവര്‍ക്ക് അതൃപ്തിയുണ്ട്. ദുരന്തബാധിതര്‍ക്ക് അഞ്ച് സെന്റ് ഭൂമി വീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് പത്തോ പതിനഞ്ചോ സെന്റായി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്.