സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
Friday, February 21, 2025 10:48 AM IST
കോൽക്കത്ത: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ദുർഗാപുർ എക്സ്പ്രസ്വേയിൽ ദന്തൻപുരിനു സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ബർധ്മാനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
ഗാംഗുലിയുടെ വാഹനത്തിനു മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടർന്നാണ് അപടകടമുണ്ടായത്. ലോറിക്ക് പിന്നിൽ ഇടിക്കാതിരിക്കാൻ ഗാംഗുലി സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് ചവിട്ടിയതോടെ പിന്നാലെ എത്തിയ മറ്റു വാഹനങ്ങൾ ഇടിച്ചുകയറുകയായിരുന്നു.
വാഹനങ്ങൾ മിതമായ വേഗത്തിലായിരുന്നതിനാൽ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലെ രണ്ട് കാറുകൾക്ക് നേരിയ കേടുപാടുകളുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ബർധ്മാൻ സർവകലാശാലയിലെ പരിപാടിയിലും ബർധ്മാൻ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലും ഗാംഗുലി പങ്കെടുത്തു.