ചാമ്പ്യൻസ് ട്രോഫി: അട്ടിമറി തുടരാൻ അഫ്ഗാൻ; അഭിമാനം കാക്കാൻ പ്രോട്ടീസ്
Friday, February 21, 2025 8:43 AM IST
കറാച്ചി: 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. കറാച്ചി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.
ഹഷ്മതുള്ള ഷഹീദി നയിക്കുന്ന അഫ്ഗാനിസ്ഥാന്റെ ചാന്പ്യൻസ് ലീഗ് അരങ്ങേറ്റ മത്സരമാണ്. പ്രധാന ടൂർണമെന്റുകളിൽ അവസാന നിമിഷം കളി കൈവിടുന്ന ദൗർഭാഗ്യ ടീമെന്ന പേരുദോഷമുള്ള ദക്ഷിണാഫ്രിക്കയ്ക്കായി കപ്പുയർത്തുകയാണ് നായകൻ തെംബ ബൗമയുടെയും സംഘത്തിന്റെയും ലക്ഷ്യം.
റണ്‍സ് ഒഴുകും പിച്ച്
ബാറ്റിംഗിനെ തുണയ്ക്കുന്നതാണ് കറാച്ചിയിലെ പിച്ച്. ഫസ്റ്റ് ഇന്നിംഗ്സ് ആവറേജ് സ്കോർ 240 ആണെങ്കിലും 270-300ന് മുകളിലോ സ്കോർ ആണ് പ്രതീക്ഷിക്കുന്നത്. പേസും ബൗണ്‍സും ലഭിക്കുന്ന പിച്ചിൽ ബാറ്റർമാർക്ക് അനായാസം പന്തുകൾ നേരിടാനാകും. ന്യൂ ബോളിൽ ആദ്യം പേസർമാർക്കും പിന്നീട് സ്പിന്നർമാർക്കും പിന്തുണ ലഭിക്കും.
പ്രോട്ടീസിനെ പൊട്ടിക്കുമോ?
ഫോം മങ്ങി നിൽക്കുന്ന പ്രോട്ടീസിന് കാര്യങ്ങൾ ഒട്ടും ശുഭമല്ല. ഇരുടീമും അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിൽ മൂന്നു ജയം പ്രോട്ടീസും രണ്ടു ജയം അഫ്ഗാനുമായിരുന്നു. 2024ൽ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര 2-1ന് സ്വന്തമാക്കി, ചരിത്രത്തിലാദ്യമായി പ്രോട്ടീസിനെ പൊട്ടിച്ച് അഫ്ഗാൻ കരുത്തറിയിച്ചു. കഴിഞ്ഞ ത്രിരാഷ്ട്ര ടൂർണമെന്റിലും പ്രോട്ടീസിന്റേത് മികച്ച പ്രകടനമായിരുന്നില്ല. പാക്കിസ്ഥാനോടും ന്യൂസിലൻഡിനോടും തോൽവി വഴങ്ങി പുറത്തായിരുന്നു.