കൈക്കൂലി കേസ്: എറണാകുളം ആര്ടിഒക്കെതിരേ കൂടുതല്‍ അന്വേഷണം
Thursday, February 20, 2025 8:50 PM IST
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്സണെതിരേ വിശദ അന്വേഷണത്തിന് വിജിലന്‍സ്. ഇയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് സംശയം. ജെര്‍സന്റെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ജെര്‍സണെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും.
കേസില്‍ ജെര്‍സണ്‍ പുറമേ ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയും വിജിലന്‍സ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി.
ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പെര്‍മിറ്റ് ഈമാസം മൂന്ന് അവസാനിച്ചിരുന്നു. പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്കി. ഇതേതുടര്‍ന്ന് ആര്‍ടിഒ ജെര്‍സണ്‍ താത്കാലിക പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് ശേഷം പല കാരണങ്ങള്‍ പറഞ്ഞ് ആര്‍ടിഒ മനപൂര്‍വം പെര്‍മിറ്റ് വൈകിപ്പിച്ചു. കൂടാതെ ആര്‍ടിഒയുടെ നിര്‍ദ്ദേശപ്രകാരം ഏജന്റുയ രാമപടിയാര്‍ പരാതിക്കാരനെ നേരില്‍ കണ്ട് പെര്‍മിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കൈയില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പരാതിക്കാരന് വിജലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വച്ച് പരാതിക്കാരനില്‍ നിന്നും സജിയും രാമപടിയാറും 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങവെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു.
ഇവരുടെ കുറ്റസമ്മത മൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആര്‍ടിഒ ജെര്‍സണെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. ജെര്‍സണെ അറസ്റ്റു ചെയ്തതോടൊപ്പം ഇയാളുടെ ഇടപ്പള്ളിയിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 49 കുപ്പി വിദേശമദ്യ ശേഖരം പിടിച്ചെടുത്തു.