രഞ്ജി സെമി: വിദർഭയ്ക്ക് കൂറ്റൻ ലീഡ്; മുംബൈക്ക് ജയിക്കാൻ 406 റൺസ്
Thursday, February 20, 2025 3:10 PM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമി ഫൈനലില്‍ വിദർഭയ്ക്കെതിരേ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് ജയിക്കാൻ 406 റൺസ്. വിദർഭയുടെ രണ്ടാമിന്നിംഗ്സ് 292 റൺസിൽ അവസാനിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ കൂടി ബലത്തിലാണ് വിദർഭ മുംബൈയ്ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ചത്.
സെഞ്ചുറി നേടിയ യഷ് റാത്തോഡിന്റെയും (151) അർധസെഞ്ചുറി നേടിയ നായകൻ അക്ഷയ് വഡ്കറുടെയും (52) ബാറ്റിംഗ് കരുത്തിലാണ് വിദർഭ രണ്ടാമിന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലെത്തിയത്. 252 പന്തിൽ 11 ബൗണ്ടറികളുടെ അകമ്പടിയോടെ 151 റൺസെടുത്ത റാത്തോഡാണ് ടോപ് സ്കോറർ.
അതേസമയം, ഇരുവരെയും കൂടാതെ ധ്രുവ് ഷോറെ (13), ഡാനിഷ് മാലെവാർ (29), പാർഥ് രേഖഡെ (20) എന്നിവർക്ക് മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ. മുംബൈക്കു വേണ്ടി ഷംസ് മുലാനി 85 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയപ്പോൾ തനുഷ് കോട്യാൻ മൂന്നും ശാർദുൽ താക്കൂർ ഒരുവിക്കറ്റും വീഴ്ത്തി.