വിശാഖപട്ടണം ചാരക്കേസ്: അറസ്റ്റിലായ മലയാളിയെ അന്വേഷണസംഘത്തിനു കൈമാറി
Thursday, February 20, 2025 12:55 PM IST
കൊച്ചി: പാക്കിസ്ഥാന് ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ എൻഐഎ അറസ്റ്റ്ചെയ്ത എറണാകുളം കടമക്കുടി പിഴല സ്വദേശി പി.എ. അഭിലാഷിനെ കേസ് അന്വേഷിക്കുന്ന ഹൈദരാബാദ് യൂണിറ്റിന് കൈമാറി.
നാവിക പ്രതിരോധ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണ് നടപടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അഭിലാഷിനെ കൂടാതെ കര്‍ണാടകയിലെ കാര്വാറില്നിന്നുള്ള വേതന്‍ ലക്ഷ്മണ് ടണ്ഡേല്‍, കര്‍ണാടകയിലെ ഉത്തര കന്നഡയില്‍നിന്നുള്ള അക്ഷയ് രവി നായിക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിശാഖപട്ടണം കപ്പല്‍ശാലയിലെ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ജീവനക്കാരനായിരുന്ന അഭിലാഷിനെയും വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു കേസ്. തെളിവ് ലഭിക്കാത്തതിനാല്‍ ഇരുവരെയും വിട്ടയച്ചെങ്കിലും നിരീക്ഷിച്ച് വരികയായിരുന്നു.
അഭിലാഷ് വിവരങ്ങള്‍ കൈമാറിയതിന് പണം കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. 2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണിലാണ് എന്‍ഐഎ ഏറ്റെടുത്തത്. ഒളിവില്‍ പോയ രണ്ട് പാക് പൗരന്മാര് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.