സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറി; പിണറായി അവരെ അപമാനിച്ചെന്ന് സതീശൻ
Thursday, February 20, 2025 10:39 AM IST
തിരുവനന്തപുരം: എലപ്പുള്ളിയില്‍ മദ്യനിര്മാണശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് സതീശൻ പ്രതികരിച്ചു.
ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചു. സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറ്. ഇത്തവണ എംഎന്‍ സ്മാരകത്തില്ചെന്ന് പിണറായി അപമാനിച്ചെന്ന് സതീശൻ പരിഹസിച്ചു.
ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായി. പാലക്കാട്ട് ഒരു കാരണവശാലും മദ്യനിര്‍മാണശാല അനുവദിക്കില്ല. മദ്യകമ്പനി എത്തിയത് തെറ്റായ വഴികളിലൂടെയാണെന്നും സതീശൻ പറഞ്ഞു.
ബ്രൂവറി അനുമതി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്ന് സതീശന് പറഞ്ഞു. സ്ഥലവും തീയതിയും സര്‍ക്കാരിന് തീരുമാനിക്കാമെന്നും സതീശൻ കൂട്ടിച്ചേർത്തു.