ഒടുവിൽ കൂട്ടുകെട്ട് പൊളിച്ച് സക്സേന; ഗുജറാത്തിന് രണ്ടാം വിക്കറ്റ് നഷ്ടം
Thursday, February 20, 2025 10:07 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 33 റൺസെടുത്ത മനൻ ഹിംഗ്രാജിയയെ ജലജ് സക്സേന വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
സെഞ്ചുറി നേടിയ പ്രിയങ്ക് പാഞ്ചാലിനൊപ്പം 107 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഹിംഗ്രാജിയ മടങ്ങുന്നത്. ഒരറ്റത്ത് പാഞ്ചാൽ അടിച്ചുകയറിയപ്പോൾ മറുവശത്ത് ഉറച്ചുനിന്ന് പിന്തുണ നല്കിയ താരം 127 പന്തിൽ നിന്നാണ് 33 റൺസെടുത്തത്.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457ന് എതിരേ ക്രീസിലെത്തിയ ഗുജറാത്ത്, നാലാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
218 പന്തില്‍ 18 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 140 റണ്‍സുമായി പ്രിയങ്ക് പാഞ്ചാലും രണ്ടു റൺസുമായി ഉർവിൽ പട്ടേലുമാണ് ക്രീസിൽ. മൂന്നാംദിനം ആര്യ ദേശായിയുടെ (118 പന്തില്‍ 73) വിക്കറ്റാണ് ഗുജറാത്തിനു നഷ്ടപ്പെട്ടത്. ബേസിലിനായിരുന്നു വിക്കറ്റ്.
ഒമ്പതു വിക്കറ്റ് കൈയിലിരിക്കേ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് 207 റണ്‍സ് അകലം മാത്രമാണ് ആതിഥേയരായ ഗുജറാത്തിന് ഉള്ളത്. ഇന്നും വെള്ളിയാഴ്ചയും ശേഷിക്കേ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ടീം ഫൈനലിലേക്കു മുന്നേറും. നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനുള്ള പോരാട്ടമാണ് ഇന്നു നടക്കുക.